മക്കാ വിജയത്തിനു ശേഷം നിലവിൽ വന്ന ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയായിരുന്നു നാല്‌ ഖലീഫമാരുടെ കാലഘട്ടം. അവരുടെ ശേഷമുള്ള ഭരണത്തെ ഖിലാഫത്ത് എന്ന് വിളിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടെങ്കിലും ഈ അടുത്ത കാലത്ത് വരെ തുർക്കി കേന്ദ്രമായി ഒരു ഇസ്ലാമിക ഖിലാഫത്ത് നിലനിന്നിരുന്നു. 1923 ൽ തുർക്കി ഭരണാധികാരി അത്താതുർക്ക് ആ സംവിധാനത്തെ ഗളഛേദം ചെയ്യുന്നതു വരേക്കും. എങ്കിലും അത്തരം ഒരു ഭരണ സംവിധാനം ഇന്നും നില നില്ക്കുന്നു പ്രത്യേകിച്ചും കേരളത്തിലുടനീളം. അതിന്റെ ഒരു ഭാഗമായിത്തന്നെ നാമോരുത്തരും ജീവിച്ചു പോരുന്നു. പ്രാദേശിക തലത്തിലുള്ള ഈ ഭരണ സംവിധാനമാണ്‌ നാം അധിവസിക്കുന്ന മഹല്ലുകൾ.

ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, നാടിന്റെ മതം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഈ പ്രാദേശിക സംവിധാനത്തിന്‌ കഴിയും. ദിശാബോധമുള്ള ഭരണാധികാരികളും, കർമ്മനിരതനായ ഇമാമും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാൽ, ഈ പ്രദേശിക കൂട്ടായ്മക്ക് സമ്പന്നതയുടെ ദർബാറുകൾക്കു പോലും മാതൃക സൃഷ്ടിക്കാനാകാനായേക്കാം.

കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളുടെ പ്രവർത്തന വിജയങ്ങളെ മറച്ചു പിടിക്കുന്നില്ല എങ്കിലും ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അയിത്തം പുരട്ടിയ മുള്ളുവേലികൾ വിഭാഗീയതക്കു കാരണമാകുന്നു എന്നത് ഒരു യാഥാർത്യമാണു. ഇത്തരം വ്യത്യാസങ്ങൾക്കതീതമായ ഒരു കൂട്ടായ്മയും ഈ ഭരണ സംവിധാനത്തിന്റെ മുതൽ കൂട്ടാണ്‌.

കാലങ്ങളായി തുടർന്നു വന്നു കൊണ്ടിരിക്കുന്ന രീതികൾക്കപ്പുറം സമസ്ഥ മേഘലകളിലുമുള്ള സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സമന്വയിപ്പിച്ച മത-ഭൗതിക വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക എന്നുള്ളതാണു മഹല്ല് ഭരണ നേതൃത്വം ലക്ഷ്യമാക്കേണ്ടത്.

മതപരമായ വിഷയങ്ങൾ മഹല്ല് തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൗതികപരമായ വിഷയങ്ങളിലേക്ക് ഇനിയും ചുവടു വെക്കാത്ത മഹല്ലുകളാണ്‌ ഭൂരിഭാഗവും നമുക്കു ചുറ്റും.

ഈലോകത്തും പരലോകത്തും നന്മയെ നല്കണമെന്ന് നിരന്തരം പ്രാർത്ഥിക്കുന്നവരാണ്‌ നമ്മൾ. ഈ ലോകത്തിലെ നന്മ എന്നതിനെ, മറ്റൊരാൾക്ക് മുൻപിൽ ഓഛാനിച്ചു നില്ക്കാതെ അന്തസ്സോടു കൂടി, ജീവിക്കുവാൻ കഴിയുക എന്നതും കൂടിയാണ്‌. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വരുന്നതാണ്‌ ആ ജീവിതത്തെ നല്ല നിലയിൽ നിലനിർത്തി കൊണ്ടു പോകുക എന്നത്. അതു പലപ്പോഴും നാം ചെയ്യുന്ന ജോലിയെ അടിസ്ഥാനപെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുന്നതും. ജോലിയെന്നതോ മിക്കവാറും അവനഭ്യസിച്ച വിദ്യഭ്യാസത്തിന്റെ തോതനുസരിച്ചും.

ഇവിടെ നിന്നു കൊണ്ടാണു നാം സ്ത്രീ പുരുഷ സമുച്ചയം എന്ന സമുദായത്തിന്റെ അവസ്ഥകൾ നോക്കിക്കാണേണ്ടത്. ന്യൂപക്ഷങ്ങളെക്കുറിച്ച് പഠന വിധേയമാക്കിയ സച്ചാർ, മിശ്ര കമ്മീഷൻ റിപ്പോർട്ടുകൾ അടിസ്ഥനപ്പെടുത്തി സംവരണാടിസ്ഥാനത്തിൽ ഒഴിവുകൾ വന്നാൽ അത് നികത്തുന്ന രീതിയിൽ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെ നല്കുവാൻ കഴിയുന്ന ഒരു അവസ്ഥയല്ല ഈ സമുദായത്തിനുള്ളതെന്ന സത്യം നമ്മെ തുറിച്ചു നോക്കി നില്ക്കുന്നു.

കേരളത്തിലെ 3 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 26% ത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ ആനുപാതിക കണക്കെടുത്തു കൊണ്ട് പരിശോധിച്ചാൽ ഒരു പക്ഷെ കേരളത്തിലെ ജയിലുകൾ ഒഴിച്ച് ബാക്കി ഒന്നിലും തന്നെ പ്രാതിനിധ്യാനുപാതം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ 434 ഓളം വരുന്ന സിവിൽ സർവ്വിസ് ഓഫീസർമാരിൽ മുസ്ലിം പ്രാതിനിധ്യം കേവലം 10ൽ താഴെയാണ്‌ എന്നു പറയുമ്പോൾ ഈ സത്യം നമുക്കു കൂടുതൽ ബോധ്യപ്പെടുക തന്നെ ചെയ്യും.

2006, 2008 കളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ള “ കേരള പഠനം” എന്ന 203 പേജുള്ള പുസ്തകത്തിൽ ഇങ്ങണെ കാണാം.
“ തൊഴിലില്ലായ്മയും മുസ്ലിം യുവാക്കളിൽ ആണ്‌ കൂടുതൽ. ഹിന്ദുക്കളിലെ ജാതി തിരിച്ചുള്ള കണക്ക് നോക്കിയാൽ സവർണ്ണർ കൃസ്ത്യാനികൾക്കൊപ്പമാണ്‌. പിന്നോക്ക ജാതിക്കാർ വിദ്യഭ്യാസപരമായും പിന്നോക്കം തന്നെ. പട്ടികജാതി/വർഗ്ഗക്കാർ മുസ്ലിങ്ങളെ പോലെ തന്നെ അതിനേക്കാൾ ഏറെ പിന്നിലാണ്‌.

മുസ്ലിം സമുദായത്തിലെ യുവാക്കളുടെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്‌ സ്വാഭാവികമായും അവരുടെ ഉദ്യോഗ ലബ്ധിയിലും സർക്കാർ സർവ്വീസിലെ പ്രവേശനത്തിലും പിന്നീട് പ്രതിഫലിക്കുന്നത്. അവരുറ്റെ ഇടയിലെ തൊഴിലില്ലായ്മയും ഏറ്റവും കൂടുതലാണ്‌.

സാമൂഹിക -സാമ്പത്തിക മാറ്റങ്ങളുടെ തുടക്കം വിദ്യഭ്യാസ രംഗത്തു നിന്നു തന്നെ ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇതു ശ്രദ്ധ ക്ഷണിക്കുന്നത്. വിദ്യഭ്യാസം മാത്രം പോര, ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ വിദ്യഭ്യാസം തന്നെ നല്കണം എന്നും ഈ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു”

കടപ്പാട്: കേരള പഠനം. (ശാസ്ത്ര സാഹിത്യ പരിഷത്ത്)

മേൽ സൂചിപ്പിക്കപ്പെട്ട സർക്കാർ ഉദ്ധ്യോഗത്തിലെ പ്രാതിനിധ്യം എന്ന പട്ടികയിലെ കുറവ് (-136) ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാക്കാം വിദ്യഭ്യാസപരമായ പിന്നോട്ടു പോകലിൽ മുസ്ലിം സമുദായം എത്ര മുന്നിലാണെന്നുള്ളത്. എന്നിട്ടു പോലും നാം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുന്നു. പരിതാപകമായ ഈ അവസ്ഥകൾ പരിഹരിക്കപ്പെടണമെങ്കിൽ താഴെക്കിടയിൽ നിന്നുകൊണ്ടു തന്നെ മതവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ മതം, ഭൗതികം എന്ന വേർതിരിവ് നല്കാതെയുള്ള രീതിയിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്‌ വേണ്ടത്. അതിന്‌ വേണ്ടി ജനങ്ങളുമായി ഇടപെടലുകൾ വളരെ സുതാര്യമായി നടത്തുവാൻ മഹല്ല് സംവിധാനങ്ങൾക്കെ കഴിയൂ.

മഹല്ലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവരെയെല്ലാം ഉപയോഗപ്പെടുത്തി വിദൂരഭാവി ലക്ഷ്യമിട്ടുകൊണ്ട് ശാക്തീകരണത്തിന്റെ പാതയിൽ മഹല്ല് തലത്തിൽ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയമാണ്‌ നമുക്കിവിടെ ചർച്ച ചെയ്യേണ്ടത്. അതിനു കേരളത്തിൽ സമാന ചിന്താഗതിയിൽ നടക്കുന്ന കാര്യങ്ങൾ നമുക്കു പ്രചോദനം ആകുകയും ചെയ്യും.